Friday 27 December 2013

നോവ്‌

ശരീരംതിന്നുന്ന ചിതല്‍പ്പുഴുക്കളോട് സ്നേഹത്തിന്‍റെ കഥപാടിയിട്ട് കാര്യമുണ്ടോ.... ഒടുവിലായ് നിന്‍റെ കരളും കാര്‍ന്നുതിന്നത് മറ്റൊരു ദേഹത്തെ തേടുന്നു...!!
_____________________________ (പ്രിയദര്‍ശിനി പ്രിയ)

വിശ്വാസം

നഷ്ടപ്പെട്ട വിശ്വാസ്യത നേടിയെടുക്കുകയെന്നത് അപ്രായോഗികമാണ്... കൂടെ നഷ്ടപ്പെട്ട സ്നേഹവും.... പക്ഷെ ഞാനെന്‍റെ വിശ്വാസത്തെ ഒരു ബലിക്കല്ലിനും വിട്ടുകൊടുക്കേണ്ടതില്ല.. എന്‍റെ സ്നേഹത്തില്‍ ആത്മാവുള്ളിടത്തോളം കാലം....!!
_______________________________ ( പ്രിയദര്‍ശിനി പ്രിയ )

Thursday 26 December 2013

ഏകാന്തം

എകാന്തമായൊരു ഓര്‍മ്മയെന്നെ വേട്ടയാടുന്നുണ്ട്‌..
ദിനവും കറുത്തവഴികളിലും നിഴല്‍മരങ്ങളിലും
അവ നൃത്തം വെയ്ക്കുന്നു....!!
പ്രതീക്ഷയുടെ ചാവുകടലില്‍ മുങ്ങിത്താഴ്ന്ന കപ്പിത്താന്‍മാര്‍ക്കും വഴിപിഴച്ചുപോയ കാലത്തിനും പറയാനും പങ്കുവെയ്ക്കാനും ഒന്നുമുണ്ടായിരിക്കില്ല... !!

________________________________(പ്രിയദര്‍ശിനി പ്രിയ)

Saturday 21 December 2013

പ്രതീക്ഷ....


ഒരു കുങ്കുമച്ചിമിഴില്‍ ഞാനെന്‍റെ സ്വപ്നങ്ങളെല്ലാം പൂട്ടിവെച്ചു.. തുറക്കാതെ നെഞ്ചോടമര്‍ത്തി ചുവപ്പിച്ച കിനാക്കളില്‍ അവനെയും പ്രതീക്ഷിച്ച്...
________________________________ (പ്രിയദര്‍ശിനി പ്രിയ)

എനിക്ക് കഴിയില്ല...

ഞാനെന്‍റെ വീട്ടിലേയ്ക്ക് നിങ്ങളെ ക്ഷണിക്കാം..
ഞാനുണ്ണുന്ന പാത്രത്തില്‍ ഭക്ഷണം വിളമ്പിത്തരാം.. 

മാറ്റിയുടുക്കാന്‍ ഞാനെന്‍റെ വസ്ത്രങ്ങള്‍ നല്‍കാം.. 
ഉറങ്ങാന്‍ എന്‍റെ മെത്തയും..
പക്ഷെ ഒരിക്കലും നിങ്ങളെന്നോട് എന്‍റെ പ്രണയത്തിന്‍റെ , 

എന്‍റെ ജീവിതത്തിന്‍റെ പങ്കുമാത്രം ചോദിക്കരുത്...! 
നല്‍കാനെനിക്ക് കഴിയില്ല...!
കാരണം എന്നിലെ ഏകവ്യക്തി ആഗ്രഹിക്കുന്നത് ഒരിക്കലും പങ്കിട്ടുപോവാത്ത ശ്രീരാമസ്നേഹമാണ്...!!
____________________________________ ( പ്രിയദര്‍ശിനി പ്രിയ )

Sunday 15 December 2013

പ്രതീക്ഷ

കൊഴിഞ്ഞുപോയകാലത്തെ പൂര്‍ണ്ണമായും 
മറവിയെടുത്തിരുന്നെങ്കില്‍..;
പൊഴിയാത്തൊരു സ്വപ്നത്താല്‍
ഞാനെന്‍റെ പുതുജന്മം നെയ്തേന്നെ..
_______________________________ ( പ്രിയദര്‍ശിനി പ്രിയ )

പ്രണയശൂന്യം

അവര്‍ എന്നെന്നേക്കുമായി പിണങ്ങാന്‍ പഠിച്ചത് ഖലീല്‍ജിബ്രാന്‍റെ പ്രണയം മടുത്തുതുടങ്ങിയപ്പോഴാണ്..

റിയലിസ്റ്റിക്കും ഒപ്റ്റിമിസ്റ്റിക്കും ആയിത്തുടങ്ങിയത് ന്യൂജനറേഷന്‍ സാധ്യതകള്‍ കണ്ടെത്തി തുടങ്ങിയശേഷമാണ്...

പിന്നെയെപ്പോഴോ മരണത്തെ കാമിച്ചുതുടങ്ങിയത് സ്വന്തം സൗഹൃദങ്ങളില്‍ വിശ്വാസ്യത തിരഞ്ഞപ്പോഴാണ്...

എന്നിട്ടും ഈ ജീവിതത്തെ അടുപ്പിച്ചുനിര്‍ത്തുന്നത് മറ്റൊരുലോകത്തെക്കുറിച്ചുള്ള അജ്ഞതക്കുറവാണ്...

___________________________ ( പ്രിയദര്‍ശിനി പ്രിയ...
)

Sunday 17 November 2013

സാഫല്യം

മൌനത്തിന്‍റെ കൂട് സ്വയം തീര്‍ത്തതല്ല..
ഇരുള്‍വഴികള്‍ ഭയന്നിട്ടാണ്...
നിഴലിനോട് പടവെട്ടി തളര്‍ന്നുവീണതും
വെട്ടവഴികളിലെ വെള്ളിവെളിച്ചം കാഴ്ച മറച്ചതുമെല്ലാം പെട്ടെന്നായിരുന്നു.....
തനിച്ചാക്കപ്പെട്ട നിമിഷത്തില്‍ കൈയെത്തുംദൂരത്ത്‌ മരണത്തെ കിനാവുകണ്ടു...
പ്രതീക്ഷകള്‍ എന്‍റെ വിദൂരസ്വപ്നങ്ങളെപോലും ഈറനണിയിച്ചു..
താഴോട്ടുവളര്‍ന്ന ജീവശിഖരങ്ങളില്‍ ഞാനെന്നെത്തന്നെ തിരഞ്ഞു...
മറവിയുടെ ആഴങ്ങളിലെങ്ങോ പിന്നെയും കാത്തിരുന്നു...
ഒരിക്കല്‍ ഞാനും നീയും നമ്മളാകുന്ന ഏതോ പുലരിയ്ക്കായി.....!!!

__________________________ ( പ്രിയദര്‍ശിനി പ്രിയ )

Monday 16 September 2013

ലവ്....

ജീവിതത്തില്‍ ഓരോതവണയും ഞാന്‍ നിന്നോട് യാത്ര ചോദിക്കാറുണ്ട്...
എന്നും ആദ്യം ഒന്നില്‍ നിന്ന് തുടങ്ങും...
കഴിഞ്ഞ കാലവും കൊഴിഞ്ഞ പ്രതീക്ഷകളും നാളേയ്ക്കുള്ള ആശംസകളും നിറച്ച്...
പിന്നീട് പതിയെ പതിയെ അതവസാനിക്കുക ഒരു ചുംബനത്തിലാവും....
മാറ്റിവെയ്ക്കപ്പെട്ട യാത്രയില്‍ തുടങ്ങി മറ്റൊരു യാത്രാരംഭം വരേയ്ക്കും അതങ്ങനെ പടര്‍ന്നുപടര്‍ന്ന്‍.......!!

Wednesday 11 September 2013

പെണ്ണേ.......!!

" സങ്കല്പങ്ങളിലൂടെ മാത്രം ജീവിക്കുന്ന ഒരു പെണ്ണ്... തന്‍റെ സ്വപ്നങ്ങളില്‍ വരച്ചുചേര്‍ത്ത വര്‍ണ്ണങ്ങള്‍ക്ക് യാഥാര്‍ത്ഥത്തില്‍ ഇന്‍വെര്‍ട്ട് കളേഴ്സ് നല്‍കുന്ന നെഗറ്റീവ് ഇംപാക്റ്റാണെന്നുള്ള തിരിച്ചറിവ്... എന്നിട്ടും അടിപതറിപ്പോവാതിരിക്കാന്‍ കണ്ണടച്ചിരുട്ടാക്കുന്ന കുസൃതിക്കുട്ടിയുടെ കൌശലം... "

അബൌട്ട് മീ എന്ന തലക്കെട്ടില്‍ അവള്‍ എഴുതിച്ചേര്‍ത്ത വാചകങ്ങള്‍ക്ക് ഉപ്പുകാറ്റിന്‍റെ ശീതളിമയുണ്ടായിരുന്നു... !

Saturday 6 July 2013

"കോളറാകാലത്തെ പ്രണയം"-ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്‌

രായ്ക്കുരാമാനം നേരംകൊണ്ട് ഭീമാകാരവും ഏകാന്തവുമായിത്തീര്‍ന്ന അപരിചിതമായ ആ വീട്ടില്‍ അവള്‍ ഒരു പ്രേതമായി മാറുകയും അതിന്‍റെ വിശാലതകളിലൂടെ അലക്ഷ്യമായി അലഞ്ഞുകൊണ്ട് കടുത്ത മനോവേദനയോടെ തന്നോടുതന്നെ അവള്‍ ചോദിക്കുന്നു, തങ്ങളിലാരാണ് ഏറെ മൃതരെന്ന്:മരിച്ചുപോയ മനുഷ്യനോ? അതോ അയാള്‍ ഇട്ടിട്ടുപോയ സ്ത്രീയോ?


പ്രൈഡ് ആസ് എ പീകോക്ക്.......!!

ഇവിടെ മനസ്സും മനസാക്ഷിയും തമ്മില്‍ സമരത്തിലാണ്...
പിടിച്ചടക്കാന്‍ ഒന്നുമില്ലാതെ സ്വയം നഷ്ടപ്പെടുന്നു...
വ്യക്തിത്വം വെറും മുഖച്ചായമല്ല..
എന്നിട്ടും എന്തിനോ ചില കോമാളിത്തരങ്ങള്‍...
നിന്നിടം കുഴിച്ച് ഭൂമി പിളര്‍ത്തി താഴേക്ക്...
എങ്കിലും അകം പ്രതിധ്വനിക്കുന്നു...
പ്രൈഡ് ആസ് എ പീകോക്ക് ....!!
പ്രൈഡ് ആസ് എ പീകോക്ക് ....!!
_______________________________

എന്തിന്?

അതിജീവനത്തിനു വേണ്ടി സന്ധികള്‍ ചെയ്യാതെ 
അതിസങ്കീര്‍ണമായൊരു സാഹസികയാത്ര... 
ജീവിതത്തോടുള്ള വ്യക്തമായ കാഴ്ച്ചപ്പാട്... 
അസാധാരണവ്യക്തിത്വം കാംക്ഷിച്ച് 
പൊങ്ങിപ്പറക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം 
ഒരു സാധാരണപെണ്ണായി നിലംപതിക്കുന്ന യാഥാര്‍ത്ഥ്യം... വേദനയോടെയാണെങ്കിലും തിരിച്ചറിയുന്നുണ്ട് 
അസ്വാതന്ത്ര്യത്തിന്‍റെ കയ്പ്പ്... 
എന്‍റെ വാക്കില്‍ എന്‍റെ ചിന്തയില്‍ 
എന്‍റെ പ്രവൃത്തിയില്‍ ഞാനില്ലെങ്കില്‍ 
പിന്നെയീ " ഞാന്‍ " എന്തിന്....? 
_______________________________________________

അതെ......

നീണ്ട കാത്തിരിപ്പിന് വിരാമം... 
ഇന്നെന്‍റെ ഹൃദയത്തില്‍ നിന്ന് ഒരുറവ പൊട്ടി.... 
ഒരു വേനലിനും സ്പര്‍ശിക്കാനാവാത്തവിധം 
എനിക്കതിനെ സൂക്ഷിച്ചുവെയ്ക്കണം... !!!!!!!

സ്വന്തം................




പ്രണയമേ നീയെനിയ്ക്കാരുമായിരുന്നില്ല..
നിന്നില്‍ ഞാന്‍ ഭ്രമിച്ചിട്ടില്ലൊരിക്കലും..
നിന്‍റെ വേദന നിന്നിലെ വിരഹം,
എന്നെ കരയിച്ചിട്ടില്ലൊരിക്കലും..

പ്രണയമേ നീയെനിക്കന്യമായിരുന്നു..
എന്‍റെ ആത്മാവിന്‍റെ നഷ്ടം,
അടിമത്തത്തിന്‍റെ സ്നേഹവിലക്കുകള്‍
എല്ലാം എനിക്ക് ഭയമായിരുന്നു....

പ്രണയമേ നീയെനിക്കിന്നാരാണ്..?
ഇതുവെറുമൊരു ചോദ്യമല്ല..,
നിന്നില്‍ സ്വയം നഷ്ടപ്പെടലല്ല..,
നീയുമായി എനിക്കുള്ള ജീവിതസമരമാണ്..!!
___________________________________________

മുഖമൂടി

ഞാന്‍ മുഖമൂടി അണിഞ്ഞിട്ടുണ്ട്...
എങ്കിലും നിനക്കെന്നെ കാണാം...
എന്‍റെ ഭാഷ മൌനമാണ്..
എന്നിട്ടും നിനക്കെന്നെ അറിയാം..
എന്‍റെ വഴികള്‍ ഏകാന്തമാണ്..
പിന്നെയും നീയാവഴിവക്കില്‍...
ഒടുവില്‍ വര്‍ണ്ണങ്ങള്‍ വിതറി വസന്തം ചിരിച്ചു..
അവിടെ നീയും ഞാനും ബാക്കിയായ്‌....
ഒരുപക്ഷെ നിന്‍റെ അന്ധതയും ബധിരതയും
ഞാന്‍ അറിഞ്ഞിരുന്നില്ലേ...;
അതോ അതെല്ലാം എന്‍റെ നാട്യമായിരുന്നോ....?





_______________________________________

ഭോഗി




നെഞ്ചുറപ്പോടെ ഉള്ളലിവില്ലാതെ പ്രാണനുനേരെ
വെടിയുതിര്‍ക്കുന്ന കറുത്തകോട്ടിട്ട കൂളിംഗ്ഗ്ലാസിട്ട
സുന്ദരന്മാരായ ചലച്ചിത്രവില്ലന്മാര്‍...
ഗര്‍ഭസ്ഥശിശുവിനെ അതിന്‍റെ ഗൃഹത്തില്‍ച്ചെന്നു
വിരട്ടുന്ന മിനുക്കികളായ ടെലിവിഷന്‍ കൊച്ചമ്മമാര്‍..
ഇതൊരുതരം തന്മയീഭാവമാണ്.....!!
നിന്നെക്കൊല്ലാന്‍ എനിക്കു ചാവാനും മടിയില്ലെന്ന്...!
നിന്‍റെ ഗര്‍ഭപാത്രത്തില്‍ കുപ്പിയല്ല ഞാന്‍
കൊടുവാളും കയറ്റുമെന്നുള്ള മുന്നറിയിപ്പ്...!!
നിന്‍റെ നീതിപീഠം.. ,,
പിന്നെ നീയെന്നയീ വെളുത്തന്യൂനപക്ഷം
വെറും കുരയ്ക്കുന്ന പട്ടികളാണെന്ന്...!!
ഇനിയും നിന്നെയും നിന്‍റെ കൂട്ടത്തെയും
ഞാന്‍ തുരന്നും കാര്‍ന്നും തിന്നുമെന്ന്...!
ഇതൊരു മുന്നറിയിപ്പാണ്..,,
ഈ ജന്മം എനിക്ക് ഭോഗിക്കാനുള്ളതാണെന്ന്..!
നിന്‍റെ പുഴുക്കളെ വരെ ഞാന്‍ ഭക്ഷിക്കുമെന്ന്..!
നിനക്ക് പ്രതികരിക്കാം നാവുകീറി മുഷ്ടിചുരുട്ടി..,
പക്ഷെ ജയിക്കണമെങ്കില്‍ നിനക്കെന്നെ കൊല്ലണം..!!
വെറുതെയല്ല..,
എന്‍റെ ജനനേന്ദ്രിയത്തെ ഉരുക്കിപ്പഴുപ്പിച്ച്...!
എന്നിലെ ഓരോ കറുത്തകോശത്തെയും
വലിച്ചുപുറത്തേയ്ക്കിട്ട്...!
ചോരയുടെ ഒരു കണികപോലും 

എന്നില്‍ അവശേഷിപ്പിക്കാതെ...!!
ഇതൊരുതരം വെല്ലുവിളിയാണ്....,
നിനക്ക് ജയിക്കണമെങ്കില്‍
നീ സമാധാനം കാംക്ഷിക്കുന്നെങ്കില്‍
നിനക്കെന്നെ കൊല്ലണം....!!!!
വെറുതെയല്ല..,,
വെറുതെ നീയൊന്നും നേടില്ല.. ഉറപ്പ്‌...!!!!!
________________________________________________

ഓര്‍മ്മകള്‍

ആകാശച്ചെരുവില്‍ നക്ഷത്രക്കൂട്ടങ്ങള്‍ക്കൊപ്പം
അങ്ങ് ദൂരെ നീയുണ്ടാവും...!
എന്‍റെക്കുറിച്ചോര്‍ത്തു നിന്‍റെ ഹൃദയം തേങ്ങുന്നുണ്ടാവും...!
കണ്ണുകളില്‍ വിരല്‍ചേര്‍ത്ത് ചുണ്ടുകള്‍ കടിച്ചുപിടിച്ച്
അരുതെന്നു പറയാന്‍ എനിക്കാവില്ല......!!
 
പനിനീര്‍പ്പൂവ് Blogger Template by Ipietoon Blogger Template